T K Madhavan 3

ദേശാഭിമാനി ദിനപത്രവും പൗരസമത്വവാദവും

ശ്രീനാരായണഗുരു ആലുവയിലെ സംസ്കൃത പഠനശാല ആരംഭിക്കുന്നതിനായി പണം സംരംഭിക്കാൻ നടത്തിയ യാത്രയിലെ മുഖ്യപ്രചാരകനും പ്രസംഗകനും ശ്രീ ടി .കെ.മാധവനായിരുന്നു.ഇക്കാലത്താണ് സമുദായത്തിനായി ഒരു പത്രം തുടങ്ങണമെന്ന ആശയം അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്. ദേശാഭിമാനി ആരംഭിച്ചത് മാധവന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളിൽ ഒന്നാണ്. പൊതുജന സേവനാപരമായ തന്‍റെ ആദർശങ്ങളെയും ഈഴവ സമുദായത്തിന്‍റെ ശക്തിയെയും വിളിച്ചറിയിക്കാനുള്ള ഒരു ഉപാധിയായി ടി .കെ .മാധവൻ പത്രത്തെ കണ്ടിരുന്നു. പൊതുപ്രവർത്തനം ശരിയായി നടത്തുന്നതിന് ഒരു പത്രം ആവശ്യമാണെന്ന് ബോധ്യപ്പെട്ട അദ്ദേഹം 1915-ൽ കൊല്ലത്തു നിന്നും ‘ദേശാഭിമാനി’ എന്ന പ്രതിവാര പത്രം ആരംഭിച്ചു. തുടക്കത്തിൽ ടി. കെ. നാരായണൻ ആയിരുന്നു പത്രാധിപർ. 1917-ൽ ടി. കെ. മാധവൻ പത്രാധിപത്യം ഏറ്റെടുത്തു.കുറഞ്ഞ കാലം കൊണ്ട് തന്നെ ദേശാഭിമാനിയെ ശക്തമായ ഒരു പൊതുജന മാധ്യമമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. സമുദായോദ്ധാരണം പത്രത്തിന്‍റെ പ്രധാന ലക്ഷ്യമാക്കി മാറ്റി. അക്കാലത്തു ഈഴവ റെഗുലേഷനെ പറ്റി ചർച്ചകൾ നടക്കുകയായിരുന്നു. പത്രാധിപത്യം ഏറ്റെടുത്ത ശേഷം അദ്ദേഹം ആദ്യമെഴുതിയ മുഖ്യ പ്രസംഗവും ആ വിഷയത്തെ അധികരിച്ചായിരുന്നു. പൗരസമത്വത്തിന്‍റെ വക്താവായിരുന്നു എക്കാലത്തും അദ്ദേഹം. മനുഷ്യന്‍റെ ആത്മാഭിമാനത്തിനു ക്ഷതമേല്പിക്കുന്ന വേർതിരിവുകളെ, അത് മതപരമോ സാമുദായികമോ ആവട്ടെ, അനുവദിക്കാൻ പാടില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. അതിനായി എഴുതുകയും, മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും ചെയ്തു. പത്രത്തിന്‍റെ മാനേജർ പദവി മുതൽ പ്രചാരകൻ, വിതരണക്കാരൻ എന്നിങ്ങനെ മിക്ക മേഖലയിലും അദ്ദേഹം പ്രവർത്തിച്ചു.താമസിയാതെ പത്രത്തിന് നല്ല പ്രചാരം ലഭിച്ചു. പത്രങ്ങളിലൂടെ അദ്ദേഹം ലോക വിവരങ്ങൾ അപ്പപ്പോൾ നാട്ടുകാർക്കിടയിൽ എത്തിച്ചു.പഠിക്കുന്ന കാലത്തേ മാധവൻ മികച്ച പ്രാസംഗികനെന്ന് പേരെടുത്തിരുന്നു.ഈ കഴിവ് അദ്ദേഹത്തിന്‍റെ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതിലും പ്രതിഫലിച്ചു. തൊട്ടുകൂടായ്മ പോലുള്ള ദുരാചാരങ്ങൾ ഇല്ലാതാക്കണമെന്ന് അദ്ദേഹം ദേശാഭിമാനി പത്രത്തിലൂടെ ആവശ്യപ്പെട്ടു. അതിനാൽ അദ്ദേഹം “ ദേശാഭിമാനി ടി .കെ .മാധവൻ “ എന്ന പേരിൽ അറിയപ്പെടുന്നു .

29 -ാമത്തെ വയസ്സിലാണ് അദ്ദേഹം ഈ പത്രം ആരംഭിക്കുന്നത്.അക്കാലത്ത് ഈഴവരുടേതായി പത്രങ്ങൾ ഒന്നും നിലവിലില്ലായിരുന്നു. ‘സുജനാനന്ദി’, ‘കേരള സന്ദേശം’, ‘കേരള കൗമുദി’ എന്നീ പേരുകളിൽ പത്രങ്ങൾ മുൻപു തന്നെ ആരംഭിച്ചിരുന്നു എങ്കിലും അതെല്ലാം താമസിയാതെ പ്രസിദ്ധീകരണം നിലച്ച് കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. സമുദായ സമത്വത്തിന്‍റെ വിത്തുകൾ ജനങ്ങളുടെ മനസ്സിൽ പാകാനും അതിന്‍റെ ആവശ്യകതയും താഴ്ന്ന ജാതിക്കാരുടെ അവകാശങ്ങളെ പറ്റിയും അദ്ദേഹം ലേഖനങ്ങൾ വഴി ജനമനസ്സുകളിലേക്ക് എത്തിച്ചുകൊണ്ടേ ഇരുന്നു . എന്നാൽ ഇടയ്ക്ക് കുറച്ചു കാലം ദേശാഭിമാനി പ്രസിദ്ധീകരണം നിർത്തിവച്ചെങ്കിലും മാധവൻ പത്രാധിപനാകുകയും വീണ്ടും പത്രം ആരംഭിക്കുകയും ചെയ്തു.സാമൂഹ്യ മാറ്റത്തിനും, ഗുരുധർമ പ്രചാരണത്തിനും, ദേശീയപ്രസ്ഥാനത്തിനു ആക്കം കൂട്ടുന്നതിനും വേണ്ടി ദേശാഭിമാനി എന്ന പത്രം തുടങ്ങി തൂലിക പടവാളാക്കിയ പത്രാധിപർ ആണ് അദ്ദേഹം.

ആരംഭകാലത്തിലെ പൊതു പ്രവർത്തനത്തിൽ അദ്ദേഹം ഊന്നൽ കൊടുത്തത് പൗര സമത്വവാദത്തിനായിരുന്നു.ആറാം വയസിൽ കുരുത്ത പൗരാവകാശതൃഷ്ണ ജീവിതാവസാനം വരെ അണയാതെ സൂക്ഷിച്ച ധീരോദാത്തനായ സാമൂഹ്യ പരിഷ്‌കർത്താവായിരുന്നു ടി .കെ .മാധവൻ .തിരുവിതാംകൂറിലെ ആകെയുള്ള ജനസംഖ്യയുടെ വലിയ ഭൂരിപക്ഷമായ ഈഴവർക്ക് (26 ലക്ഷം അന്ന്) പ്രാഥമിക പൗരാവകാശങ്ങൾ അനുവദിച്ചു കിട്ടുന്നതിനായിരുന്നു പൗര സമത്വവാദം ആരംഭിച്ചത്.പൊതു നിരത്തുകൾ, വിദ്യാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജാതിമതഭേദമന്യേ സകലർക്കും പ്രവേശനം നൽകേണ്ടതാണെന്നുള്ള തത്ത്വം സർക്കാർ അംഗീകരിച്ചിരുന്നെങ്കിലും ഈഴവർ തുടങ്ങിയവർക്ക് പല കാരണങ്ങളാൽ ഇവിടങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന് ക്ഷേത്ര സാമീപ്യം ആണ് ഒരു കാരണമായി സർക്കാർ പറഞ്ഞിരുന്നത്. തൃശ്ശൂർ പൂരം സംബന്ധിച്ച് ഈഴവരെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു, തൃപ്പൂണിത്തുറ സർക്കാർ വിദ്യാലയത്തിൽ തിരുവിതാം കൂർ രാജകുമാരൻ ചേർന്നപ്പോൾ അവിടെയുണ്ടായിരുന്ന സകല ഈഴവ വിദ്യാർത്ഥികളേയും പറഞ്ഞു വിട്ടു. ഈഴവ പ്രമുഖരെ അകാരണമായി പോലീസിനെ ഉപയോഗിച്ച് മർദ്ദിക്കുക തുടങ്ങിയ അനീതികൾക്കെതിരെ മാധവന്‍റെ ദേശാഭിമാനി ശക്തിയുക്തം പ്രതിഷേധിച്ചു.ക്ഷേത്ര പ്രവേശന വാദത്തിന്‍റെ ജനയിതാവ് എന്ന നിലയിലാണ് ടി.കെ. മാധവന് കേരള ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനം ലഭിച്ചത്.പൗര സമത്വത്തിന് വിലങ്ങു തടിയായിരുന്ന തീണ്ടൽ, തൊടീൽ എന്നീ സാമൂഹിക ദുരാചാരങ്ങളെ ഹിന്ദു മതത്തിൽ നിന്ന് തന്നെ നിഷ്കാസനം ചെയ്യാനാണ് അദ്ദേഹം ക്ഷേത്രപ്രവേശന വാദം ഉയർത്തിപ്പിടിച്ചത്. ഇതിനനുകൂലമായ പരിതിസ്ഥിതികൾ 1916 ഓടെ കേരളത്തിൽ ഉടലെടുത്തിരുന്നു. അദ്ദേഹം ഇതിന് മുന്നോടിയായി ‘ക്ഷേത്രപ്രവേശനം’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിൽ ക്ഷേത്രപ്രവേശന വാദത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.1916 ൽ കൊൽക്കത്ത യിൽ വച്ച് ആനി ബസൻറിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ 32-ാമത് ഭാരത മഹാ സഭാ സമ്മേളനത്തിൽ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ആദ്യമായി ഒരു പ്രമേയം പാസ്സാക്കപ്പെട്ടു. ഇതിനു പിന്നിൽ മാധവന്‍റെ നിരന്തര പരിശ്രമമം ഉണ്ടായിരുന്നു. ഇതേ തുടർന്ന് അടുത്ത വർഷം മുംബൈ യിൽ വച്ച് അവിടത്തെ മഹാരാജാവിന്‍റെ സഭയിലും പ്രമേയങ്ങൾ പാസാക്കപ്പെട്ടു. എന്നാൽ അന്ന് ദിവാനായിരുന്ന ടി. രാഘവയ്യാ ഇതിന് പ്രതികൂലമായ നിലപാടാണ് ഏടുത്തിരുന്നത്. അദ്ദേഹത്തിന്‍റെ ഇടപെടൽ മൂലം മാധവന് ശ്രീമുലം പ്രജാ സഭയിൽ രണ്ടു വർഷത്തിലധികം തുടരാനായില്ല.

നീതിയ്ക്കും ധർമ്മത്തിനും വേണ്ടിയുള്ള ഉറച്ച നിലപാടുകൾ മാധവനെ ഈഴവ സമുദായത്തിന്‍റെ അനിഛേദ്യ നേതാക്കന്മാരിൽ ഒരാളായി ഉയർത്തി. അതെ സമയം, ഇതര സമുദായങ്ങളുടെ ആദരവും അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. സമുദായ പ്രവർത്തനങ്ങൾക്കൊപ്പം ദേശീയ സ്വാതന്ത്ര സമരത്തിലും മദ്യ വർജ്ജന പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ഒപ്പം സാമൂഹിക നീതിയ്ക്കായുള്ള പോരാട്ടങ്ങളും തുടർന്നു.