. . .
എ.പി. ഉദയഭാനു-വ്യക്തിജീവിതം
ഗ്രന്ഥകാരൻ, നർമോപന്യാസകൻ, സ്വാതന്ത്ര സമരസേനാനി, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ശ്രീ എ. പി. ഉദയഭാനു. 1915 ഒക്‌ടോബർ 1-ന് മുട്ടത്തു ആലുമ്മൂട്ടിൽ തറവാട്ടിൽ കുഞ്ഞിരാമൻ ചാന്നാരുടെയും നാരായണി ചാന്നാട്ടിയുടെയും മൂന്നാം പുത്രനായി ഉദയഭാനു ചാന്നാർ ജനിച്ചു.അദ്ദേഹത്തിൻ്റെ ജനനം ആലുമ്മൂട്ടിൽ തറവാട്ടിലെ എട്ട് ഒൻപതു ഉപഭവനങ്ങളിൽ ഒന്നായ ചീവാച്ചേരിലായ 'കിടങ്ങിൽ' ആയിരുന്നു.'കിടങ്ങിൽ' എന്ന പേരിനു ആസ്‌പദമായതു അവിടുത്തെ വലിയ കാരണവന്മാരുടെ മദ്യ വ്യവസായം തന്നെ ആയിരുന്നു. 'കിടങ്ങിൽ 'എന്നാൽ മദ്യം ശേഖരിച്ചു വയ്ക്കുന്ന സ്ഥലം എന്നാണ് അർത്ഥം.മരുമക്കത്തായം നിലനിന്നിരുന്ന തറവാടായിരുന്നതിനാൽ, അദ്ദേഹത്തിൻ്റെ അമ്മാവൻ പത്മനാഭൻ ചാന്നാരുടെ ശേഷക്കാരനായിരുന്നതു കൊണ്ട് തന്നെ അദ്ദേഹത്തിന് പേരിട്ടത് 'ആലുമ്മൂട്ടിൽ പത്മനാഭൻ ചാന്നാർ ഉദയഭാനു ചാന്നാർ ' എന്നായിരുന്നു. അയിത്തം നിലനിൽക്കുന്ന കാലമായിരുന്നതിനാൽ അത് എ. പി. ഉദയഭാനു എന്ന് ചുരുക്കിയത് കോളേജിൽ ചേർന്നതിനു ശേഷമായിരുന്നു.
കൊടിയ അയിത്തത്തിൻ്റെ കാലമായിരുന്നെങ്കിലും മുറ്റത്തിരുത്തി കള്ളമ്പള്ളിയിലെ തിരുമേനി അദ്ദേഹത്തെ അരിയിൽ 'ഹരിശ്രീ 'എഴുതിച്ചു.എഴുത്തിനിരുത്തിയത് വിപ്രനാണെങ്കിലും പഠിപ്പിച്ചത് ശൂദ്രനായിരുന്നു. അക്കാലത്തു 'ശൂദ്രൻ' എന്ന് പറയുന്നത് അങ്ങേയറ്റത്തെ ബഹുമാനത്തിൻ്റെ ചിഹ്നമായിരുന്നു.അദ്ദേഹത്തിൻ്റെ അടിസ്ഥാനപരമായ ഗുരു നിലത്തെഴുത്തു പള്ളിക്കൂടത്തിലെ കേശവപ്പിള്ള സാർ ആയിരുന്നു.കേശവപ്പിള്ള സാറിൻ്റെ തെക്കേചാവടിയുടെ എഴുത്തു പള്ളിക്കൂടത്തിൽ മൂന്നാം ക്ലാസോളം അദ്ദേഹം പഠിച്ചു.കുട്ടിക്കാലത്തു ഏകനായി ചുറ്റികറങ്ങി നടന്നു കാവുകളോടും മരങ്ങളോടുമെല്ലാം അടുപ്പം ഉള്ളവനായി തീർന്നു.മൂന്നാം ക്ലാസിനു ശേഷം അദ്ദേഹം നടേവാലയിലെ നടുവട്ടം പ്രൈമറി സ്കൂളിൽ ചേർന്നു.'കിടങ്ങിൽ' നിന്നും രണ്ടു മൂന്നു നാഴിക ദൂരം നടന്നു പോകണമായിരുന്നു.നടുവട്ടം പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂൾ നായർ കരയോഗം വകയായിരുന്നു.നായർ സമാജം സ്കൂളിൽ നിന്ന് നാലാം ക്ലാസ് പാസ്സായ അദ്ദേഹത്തിനെ പ്രിപ്പർട്ടി ക്ലാസിൽ ചേർത്തത് ക്രിസ്ത്യാനികളുടെ വക സ്കൂളിലായിരുന്നു. അക്കാലത്ത് നാലാം ക്ലാസ് കഴിഞ്ഞാൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആണെങ്കിൽ പ്രിപ്പർട്ടി ക്ലാസിലായിരുന്നു ചേരേണ്ടത്. പ്രിപ്പർട്ടി ക്ലാസിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.അദ്ദേഹത്തിൻ്റെ കുടുംബത്തെ പറ്റി അറിയാമായിരുന്നതുകൊണ്ട് തന്നെ അവിടുത്തെ അദ്ധ്യാപകർ അദ്ദേഹത്തിനോട് വളരെയധികം താൽപര്യം കാണിച്ചിരുന്നു. അവിടെ ചേർന്ന വർഷം തന്നെ 'ജൂനിയർ ഡിബേറ്റിംഗ് സൊസൈറ്റി'യുടെ സെക്രട്ടറിയായി അദ്ദേഹത്തിനെ തിരഞ്ഞെടുത്തു.തേർഡ് ഫാറമിൽ നിന്ന് ജയിക്കുമ്പോഴേക്ക് അദ്ദേഹത്തിൻ്റെ താമസം ആലുമൂട്ടിലേക്ക് മാറിക്കഴിഞ്ഞിരുന്ന .
അദ്ദേഹത്തിൻ്റെ പശ്ചാത്തലം ഒരു കൃഷിക്കാരൻ്റെതായിരുന്നതിനാൽ, അദ്ദേഹത്തിൻ്റെ പല ഓർമകളും അതിനെ സംബന്ധിക്കുന്നതായിരുന്നു .ഒരു കൃഷിക്കാരനായി തന്നെ ജീവിക്കണമെന്ന് അദ്ദേഹം മോഹിച്ചിട്ടുണ്ട്. നടുന്നിടത്തും വിതയ്ക്കുന്നിടത്തും എല്ലാം പോയി നോക്കി നിന്നിട്ടുണ്ട് എന്ന് അദ്ദേഹത്തിൻ്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന് ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് ആദ്യമായി ഖദർ ഉടുക്കുന്നത്. ഖാദി ഉടുക്കാൻ തുടങ്ങിയ ശേഷം ജീവിതകാലം മുഴുവനും ഖാദി അല്ലാതെ മറ്റൊന്നും അദ്ദേഹം ധരിച്ചിട്ടില്ല. അത്രത്തോളം അദ്ദേഹത്തിന് ഖദറിനോട് വൈകാരികമായ തീവ്ര ബന്ധമുണ്ടായിരുന്നു . ടി. കെ .മാധവൻ എന്ന 'പത്രാധിപർ ചിറ്റപ്പൻ' ആയിരുന്നു അതിന് പ്രചോദനം. 'പത്രാധിപർ ചിറ്റപ്പൻ' ആയിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനത്തിൻ്റെ പ്രചോദനം.തിരുവനന്തപുരത്ത് മാധവനുമായി കഴിഞ്ഞ നാളുകളിലെ ഒരു സുപ്രധാന സംഭവം ഡോക്ടർ പൽപ്പുവിനെ കാണാൻ പോയതായിരുന്നു. മാധവൻ ഡോക്ടർ പൽപ്പുവിൻ്റെ ജീവചരിത്രം എഴുതിയിട്ടുണ്ട്.പിൽക്കാലത്ത് കോളേജ് വിദ്യാർത്ഥിയായി ഹോസ്റ്റലിൽ താമസിക്കുന്ന കാലത്ത് വൈകുന്നേരങ്ങളിൽ അദ്ദേഹം പബ്ലിക് ഗാർഡൻസിൽ പോയിരുന്നു. അവിടെ വന്ന് ഏകാകിയായി ഒരു ബെഞ്ചിൽ വിശ്രമിച്ചിരുന്ന ഡോക്ടർ പൽപ്പുവിനെ ആദരപൂർവ്വം അദ്ദേഹം ഓർക്കുന്നു.അദ്ദേഹം നാലാം തരത്തിൽ പഠിക്കുമ്പോഴാണ് ടി. കെ. മാധവൻ മരിക്കുന്നത്. 1932- ൽ അദ്ദേഹം സ്കൂൾ ഫൈനൽ ജയിച്ചു.ആലുംമൂട്ടിൽ തറവാട്ടിൽ നിന്ന് ആദ്യമായി ബി. എ. പാസ്സായതു അദ്ദേഹത്തിൻ്റെ സഹോദരിയായ ചെല്ലമ്മ യായിരുന്നു. തറവാട്ടിൽ ആദ്യമായി സ്കൂൾ ഫൈനലും ബി. എ യും ബി. എൽ. ഉം എല്ലാം പാസ്സായ പുരുഷൻ അദ്ദേഹമായിരുന്നു .പിന്നീട് തിരുവനന്തപുരത്ത് സയൻസ് കോളേജിൽ അദ്ദേഹത്തിന് അഡ്മിഷൻ കിട്ടി.കൊളീജിയറ്റ് ഹോസ്റ്റലിൽ താമസിച്ച് സയൻസ് കോളേജിൽ സുവോളജി ഗ്രൂപ്പിൽ ചേർന്ന് പഠിച്ചു.അന്ന് കോളേജിലെ ഹോസ്റ്റലിൽ ജാതി തിരിച്ചുള്ള മെസ്സുകൾ ആയിരുന്നു.ഈഴവ മെസ്സ്, നായർ മെസ്സ്, മുസ്ലിം മെസ്സ്, വെള്ളാളമെസ്സ്, ക്രിസ്ത്യൻ മെസ്സ്, ബ്രാഹ്മിൻ മെസ്സ് എന്നിങ്ങനെ ആയിരുന്നു.അദ്ദേഹം പഠിക്കുന്ന കാലത്ത് കോളേജിൽ വലിയ രാഷ്ട്രീയമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് മെഡിസിന് പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ ഒരു സഹോദരൻ്റെ ഉപദേശം അനുസരിച്ച് നിയമബിരുദം എടുക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ എഫ്. എൽ ക്ലാസോടെ ജയിച്ച അദ്ദേഹം ബി. എല്ലിന് മദ്രാസ് ലോ കോളേജിൽ ചേരാൻ ഒരു ശ്രമം നടത്തി. പക്ഷേ അത് നടന്നില്ല.തിരുവനന്തപുരം ലോ കോളേജിൽ തന്നെ തുടർന്നു.അങ്ങനെ തിരുവിതാംകൂർ സർവകലാശാലയിൽ നിന്ന് അദ്ദേഹം ബി.എ, ബി.എൽ ബിരുദങ്ങൾ നേടി.അദ്ദേഹം സയൻസ് കോളേജിൽ പഠിക്കുമ്പോഴായിരുന്നു നോബൽ സമ്മാനം ലഭിച്ചിരുന്ന സർ സി. വി. രാമൻ അവിടെ വന്ന് ഗംഭീരങ്ങളായ രണ്ട് പ്രഭാഷണങ്ങൾ നടത്തിയത്.
ഇന്ത്യയിലെ ഭരണപരിഷ്കാരത്തെ തുടർന്നുള്ള കാലമായിരുന്നു അത്. കോൺസ്റ്റിറ്റ്യൂഷൻ ലോയിൽ അദ്ദേഹത്തിന് പ്രത്യേകം താല്പര്യം തോന്നിയിരുന്നു. അതിൽ താല്പര്യമെടുത്ത് പഠിച്ചതിനാലാം എഫ്. എൽ പരീക്ഷയിൽ അദ്ദേഹത്തിന് രണ്ടാം റാങ്ക് കിട്ടിയത്. ബി. എല്ലിന് അദ്ദേഹത്തിന് തേർഡ് ക്ലാസ് ആയിരുന്നു. ബി. എൽ പാസായതിനുശേഷം എം. എല്ലിന് പഠിക്കണമെന്ന മോഹം അദ്ദേഹം കുറെ നാൾ കൊണ്ട് നടന്നിരുന്നു എങ്കിലും നടന്നില്ല.1940 മുതൽ അദ്ദേഹം മാവേലിക്കരയിലേയും തിരുവനന്തപുരത്തെയും കോടതികളിൽ അഭിഭാഷകനായി പ്രവർത്തിച്ചു . അദ്ദേഹം ആദ്യം വിമാനത്തിൽ കയറുന്നത് 1953- ൽ ആണ്. ഇവിടത്തെ ഒരു പ്രതിസന്ധിയെപ്പറ്റി കോൺഗ്രസ് പ്രസിഡന്‍റ്- നെ കണ്ടു നിവേദനം നടത്താൻ ഡൽഹിയിൽ പോയതായിരുന്നു.
. . .