A P Udayabhanu 5

സാഹിത്യ ജീവിതം

മലയാള സാഹിത്യത്തിന്, പ്രത്യേകിച്ച് ലഘു ലേഖനങ്ങളുടെ വിഭാഗത്തിന്, നർമ്മം തുളുമ്പുന്ന സംഭാവനകളുടെ പേരിൽ പ്രഗത്ഭനായ ശ്രീ എ. പി. ഉദയഭാനു ഇന്നും അറിയപ്പെടുന്നു. ആത്മകഥാപരമായ ഉപകഥകൾക്കൊപ്പം, അദ്ദേഹത്തിന്‍റെ ചില രചനകളിൽ ജാതിയുടെയും മതത്തിന്‍റെയും പ്രശ്‌നങ്ങളിൽ നിന്ന് ഉയർന്നുവരുന്ന സാമൂഹിക വിമർശനങ്ങളും അഴിമതിയുടെയും സർക്കാരിന്‍റെയും ആക്ഷേപഹാസ്യ പരിശോധനകളും ഉൾപ്പെടുന്നു. സംസാരിക്കുന്ന ദൈവം , ആനയൂൺ അൽപം തെളുങ്ക് , കൊച്ചുചക്കരച്ചി , അർത്ഥവും അനർത്ഥവും തുടങ്ങിയ കൃതികൾ മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ പ്രാമുഖ്യം നേടാൻ സഹായിച്ചു.കേവലം ഒരു എഴുത്തുകാരൻ എന്നുള്ളതിൽ കവിഞ്ഞ് ഒരു സാഹിത്യകാരൻ എന്ന നിലയിലായിരുന്നു ജനങ്ങൾ അദ്ദേഹത്തെപ്പറ്റി പ്രശംസിച്ചിരുന്നത് . അങ്ങനെ പല പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി വന്നിട്ടുമുണ്ട് . അദ്ദേഹത്തിന് ആദ്യം കിട്ടിയ പുരസ്കാരം 1970-ലെ ‘മലയാളനാട്’ എന്ന വാരികയിൽ നിന്നുള്ളതായിരുന്നു. കുമാരനാശാന്‍റെ “പ്രരോദനം” എന്ന കൃതിയിലെ ഒരു ശ്ലോകത്തിന്‍റെ വരി ശീർഷകമായി എഴുതിയതിനാണ് അദ്ദേഹത്തിന് അന്ന് പുരസ്കാരം ലഭിച്ചത്. ഒരു കൊല്ലം കൊണ്ട് എറണാകുളം മാതൃഭൂമി എഡിഷന് വളരെ വലിയ പ്രശസ്തിയും പ്രചാരവും ഉണ്ടാക്കി കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ‘മാതൃഭൂമി വരുത്തുന്നത് ദേശീയതയുടെ മുഖമുദ്രയാണ് ‘ എന്ന ധാരണ എല്ലാ ജനവിഭാഗങ്ങളിലും അദ്ദേഹം ഉണ്ടാക്കി. അദ്ദേഹം മാതൃഭൂമി പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ച (1961- 1978 )കാലത്ത് മാതൃഭൂമിയുടെ മുഖപ്രസംഗം വായിച്ച്, ഇതെഴുതിയത് എ.പി.ഉദയഭാനുവാണ് എന്നു വായനക്കാര്‍ക്ക് പറയുവാന്‍ കഴിയുമായിരുന്നു. അത്രമേല്‍ വ്യത്യസ്തമായ ശൈലി മുഖപ്രസംഗമെഴുതുമ്പോള്‍ പോലും, നര്‍മോപന്യാസകാരന്‍ കൂടിയായ എ.പി.ഉദയഭാനുവിന് മാറ്റിവെക്കുവാന്‍ കഴിയുമായിരുന്നില്ല. 1948 -ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന അദ്ദേഹം പില്‍ക്കാലം മുഖ്യമായും പത്രപ്രവര്‍ത്തനത്തിനും ഗ്രന്ഥരചനയ്ക്കുമാണ് ജീവിതം ചിലവഴിച്ചത് .സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം വിട്ട ഉടന്‍ ‘ദീനബന്ധു’ പത്രാധിപരായി. മാതൃഭൂമി വിടുന്നത് തൽക്കാലത്തേയ്ക്ക് ആണോ ഏക്കാലത്തേയ്ക്കും ആണോ എന്ന് അദ്ദേഹത്തിന് അന്നത്തെ കാലത്ത് നിശ്ചയം ഇല്ലായിരുന്നു.മാതൃഭൂമി അദ്ദേഹത്തിന് ദേശീയതയുടെയും ത്യാഗത്തിന്‍റെയും മൂർത്തി ഭാവമായിരുന്നു. മാതൃഭൂമിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഒരുപാട് എഴുതി, ധാരാളം പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹം WWF ചെയർമാനുമായി. അദ്ദേഹം വളരെയേറെ നാൾ WWF -ൽ തുടർന്നു.

ലക്ഷ്മി എൻ. മേനോനോടൊപ്പം ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെൻ്റെർ (ADIC-ഇന്ത്യ) എന്ന സർക്കാരിതര സംഘടനയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ഉദയഭാനു. മേനോന്‍റെ മരണശേഷം 1999 ഡിസംബർ 15 വരെ ഉദയഭാനു അതിന്‍റെ പ്രസിഡന്‍റ് ആയി പ്രവർത്തിച്ചു.അതിന്‍റെ എല്ലാമായ ‘ജോൺസൺ ഇടയാറന്മുള’ മയക്കുമരുന്നിന് എതിരായി നിരന്തരം പ്രവർത്തിച്ചിരുന്നു. മാത്രമല്ല അന്യഥാ വഴിതെറ്റി പോകുമായിരുന്ന നിരവധി കുട്ടികളെ നേർവഴിക്ക് കൊണ്ട് വന്നു സ്വാശ്രയവും സ്വാഭിമാനവും ഉള്ളവരാക്കി.

ഉദയഭാനു 1963 മുതൽ 1969 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്നു. സംസ്ഥാനത്ത് മെഥനോൾ വിഷബാധയെ തുടർന്ന്, മദ്യനയത്തെക്കുറിച്ചുള്ള കേരള ഗവണ്‍മെന്‍റ് പ്രൊഹിബിഷൻ കമ്മീഷൻ്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.പത്രപ്രവർത്തകനെന്ന നിലയിൽ ഉദയഭാനു മാതൃഭൂമി ഉൾപ്പെടെ നിരവധി പത്രങ്ങളുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു . അദ്ദേഹത്തിൻ്റെ ലേഖനങ്ങളും കോളങ്ങളും നിരവധി മലയാളം ആനുകാലികങ്ങളിലും പത്രങ്ങളിലും സ്ഥിരമായി പ്രത്യക്ഷപ്പെട്ടു. പ്രാഥമികമായി സാമൂഹിക വിഷയങ്ങളിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു.സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു .ചെറിയ പ്രായത്തില്‍ തന്നെ ദേശീയപ്രസ്ഥാനത്തിലേക്കിറങ്ങിത്തിരിച്ച അദ്ദേഹം സ്വാതന്ത്ര്യത്തിന് മുമ്പു, 29-ാമത് വയസ്സില്‍ നിയമസഭാംഗമായി.1944 -ൽ അദ്ദേഹം ആദ്യമായി തിരുവിതാംകൂർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .രണ്ടുതവണ ശ്രീ ഉദയഭാനു നിയമസഭാ മെമ്പർ ആയിരുന്നു. നിയമസഭയിൽ മലയാളത്തിലും ഇംഗ്ലീഷിലും അദ്ദേഹം നടത്തിയിട്ടുള്ള പ്രസംഗങ്ങൾ ശ്രദ്ധേയമായിരുന്നു.ആരിലും മതിപ്പുളവാക്കുന്ന രീതിയിലായിരുന്നു ആ പ്രസംഗങ്ങൾ. ശരിയായി പഠിച്ച് കാര്യം മാത്രം പ്രസക്തമായ രീതിയിൽ പ്രസംഗിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അക്രമ രാഷ്ട്രീയവും ഏകാധിപത്യവും അദ്ദേഹം വെറുത്തിരുന്നെങ്കിലും ആ പാർട്ടിയുടെ അടുക്കും ചിട്ടയും അച്ചടക്കവും അദ്ദേഹത്തെ ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് അനുഭാവി ആക്കിയിരുന്നു. പക്ഷേ ഒരിക്കലും ആ പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നില്ല. ഉത്തമ സുഹൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതികായനുമായ എം. എൻ. ഗോവിന്ദൻ നായരുടെ സ്വാധീനവും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് അനുഭാവിയാക്കാൻ കാരണമായിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായി അധികം താമസിയാതെ അദ്ദേഹം ഒരു തനി കോൺഗ്രസുകാരൻ ആയി മാറി. 1932-ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി. പ്രഗത്ഭനായ പ്രഭാഷകനായിരുന്ന അദ്ദേഹം പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് വളരെ വേഗം ഉയർന്നു. ഉദയഭാനു 1944-ൽ 29-ാമത് വയസ്സിൽ കോൺഗ്രസ് ടിക്കറ്റിൽ തിരുവിതാംകൂർ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 1948-ൽ വീണ്ടും ജനറൽ സെക്രട്ടറിയായി. 1955 മുതൽ 1956 വരെ അദ്ദേഹം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റ് ആയിരുന്നു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റ് ആയും പ്രവർത്തിച്ചിട്ടുണ്ട് . സ്റ്റേറ്റ് കോൺഗ്രസിൻ്റെ വർക്കിംഗ് കമ്മിറ്റി അംഗമായും പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായും അദ്ദേഹം ഒന്നിലധികം തവണ പ്രവർത്തിച്ചിട്ടുണ്ട്. തിരുകൊച്ചി കോൺഗ്രസ് പ്രസിഡന്‍റ് ആയും കോൺഗ്രസിൻ്റെ വളർച്ചയ്ക്ക് കാര്യമായ സംഭാവന അദ്ദേഹം ചെയ്തിട്ടുണ്ട്. കേരള സംസ്ഥാനം നിലവിൽ വന്നതിനുശേഷം കോഴിപ്പുറത്ത് മാധവമേനോൻ പ്രസിഡന്‍റ് ആയിരുന്ന കാലത്തും തുടർന്ന് കെ. എ. ദാമോദര മേനോൻ്റെ കാലത്തും അദ്ദേഹം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ദീർഘകാലം കാർത്തികപ്പള്ളി താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആയും സേവനമനുഷ്ഠിച്ചു.

1993-ൽ ആജീവനാന്ത സംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു . പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ‘സ്വദേശാഭിമാനി പുരസ്‌കാര’വും പത്രാധിപര്‍ ‘കെ.സുകുമാരന്‍ പുരസ്‌കാര’വും പൊതുപ്രവര്‍ത്തനരംഗത്തെ സംഭാവനകള്‍ക്കുള്ള ‘സി.അച്യുതമേനോന്‍ പുരസ്‌കാര’വും ലഭിച്ചിട്ടുണ്ട്.’കെ ആർ ഇലങ്കത്ത് സ്മാരക അവാർഡും’ അദ്ദേഹം നേടിയിരുന്നു.അദ്ദേഹം ജനിച്ച ആലുംമൂട്ടിൽ കുടുംബവും അദ്ദേഹത്തിൻ്റെ ഈഴവ ജാതിയും, ഹിന്ദുമതവും മറ്റ് ചുറ്റുപാടുകളും, അദ്ദേഹത്തിൻ്റെ വളർച്ചയേയും വികാസത്തെയും വളരെ അധികം സ്വാധീനിച്ചിരുന്നു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട് .1999 ഡിസംബർ 15-ന്‌ അദ്ദേഹം തിരുവനന്തപുരത്ത്‌ അന്തരിച്ചു.