Alummoottil®
Alummoottil Channar's Murder Capital Sentence : Manorama Report


Alummoottil Channar's Murder Capital Sentence : Manorama Report


. . .

1922 09 15 Alummoottil Channar Murder Punishment Manorama Report

This is the report on Malayala Manorama on 1922 September 15, regarding the execution of AP Sreedharan for the crime of assasinating Alummoottil Kochu Kunju Channar III. The article was published in Malayalam. An unofficial English translation follows. (Courtesy of Malayala Manorama). ആലുംമൂട്ടിൽ കൊച്ചുകുഞ്ഞ് ചാന്നാർ മൂന്നാമനെ വധിച്ച കുറ്റത്തിന് എപി ശ്രീധരനെ തൂക്കിക്കൊന്നതുമായി ബന്ധപ്പെട്ട് 1922 സെപ്റ്റംബർ 15-ന് മലയാള മനോരമയിൽ വന്ന റിപ്പോർട്ടാണിത്. മലയാളത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ഒരു അനൗദ്യോഗിക ഇംഗ്ലീഷ് വിവർത്തനം പിന്തുടരുന്നു. (കടപ്പാട്: മലയാള മനോരമ)

1922 09 15 Alummoottil Channar Murder Punishment Manorama Report

ചാന്ദാർ കൊലക്കേസ് വിധി നടത്തൽ

തിരുവനന്തപുരം 22-07-1096-ൽ ആലുംമൂട്ടിൽ ചാന്ദാരെ വെട്ടിക്കൊന്ന കേസ്സിലെ ഒന്നാം പ്രതിയായ ശ്രീധരനെ തൂക്കിക്കൊല്ലുന്നതിന് വിധിച്ച വിവരവും വിധി നടത്തിയ വിവരവും പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചിങ്ങം മുപ്പത്തിയൊന്നാം തീയതി കാലത്താണ് ഈ കൃത്യം നടത്തിയത്. ശ്രീധരനു സുഖക്കേടാണെന്നും ഭ്രാന്താണെന്നും അതിനാൽ തൂക്കിക്കൊല്ലരുതെന്നും ശ്രീധരന്റെ ശേഷക്കാർ ദിവസംപ്രതി പല ഹർജികളും മഹാരാജാ തിരുമനസ്സിലേക്കും മറ്റും കൊടുത്തുകൊണ്ടിരുന്നു. സെന്ററൽ പ്രിസൺ മെഡിക്കലാഫീസർ, ഡർബാർ ഫിസിഷ്യൻ മുതലായവർ ഇതു വാസ്തവമാണോ എന്നുള്ളതിനു പല പരിശോധനകളും നടത്തുകയും സുഖക്കേടൊന്നുമില്ലെന്നും ഇങ്ങനെയെല്ലാം ഭാവിക്ക മാത്രമാണ് പ്രതിചെയ്യുന്നതെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാൽ നിശ്ചയമനുസരിച്ചു മുപ്പത്തിയൊന്നാം തീയതി കാലത്ത് 5 മണിക്കു മുമ്പായിത്തന്നെ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ ആജ്ഞയനുസരിച്ചു രണ്ടാംക്ലാസ് മജിസ്ട്രേട്ടവർകൾ, സെന്ററൽ പ്രിസൺ മെഡിക്കലാഫീസർ, ജയിൽ സൂപ്രണ്ട്, പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട്, ഏതാനും പോലീസുകാർ, ജയിൽ ശിപായികൾ മുതലായവർ സെന്ററൽ പ്രിസൺ കച്ചേരിയിൽ ഹാജരു കൊടുത്തു.

ഇതിനു മുമ്പുതന്നെ ആരാച്ചാരന്മാർ തൂക്കുമരത്തിന്റെ ചുറ്റുപാടു വൃത്തിയാക്കുകയും തൂക്കാനുള്ള കയറിന്റെ ബലപരിശോധന നടത്തുകയും കൈയും കാലും കെട്ടാനുള്ള കയറുകൾ മുതലായവ തയ്യാറാക്കി സുമാർ ചെയ്യുകയും ചെയ്തിരുന്നു. ഉദ്ദേശം അഞ്ചേകാൽ മണിയോടുകൂടി മജിസ്ട്രേറ്റ് സൂപ്രണ്ടാദിയായവർ ശ്രീധരനെ ബന്തവസ്സിൽ ഇട്ടിരുന്ന മുറിയുടെ അടുക്കൽ ചെല്ലുകയും നടക്കാൻ പോകുന്ന വിവരം ശ്രീധരനെ ധരിപ്പിക്കുകയും ചെയ്തു. ശ്രീധരനു തലേദിവസം മുതൽക്കേ അയാൾ ആവശ്യപ്പെടുന്ന എല്ലാ ഭക്ഷണസാധനങ്ങളും കൊടുത്തുകൊള്ളണമെന്ന് എങ്കിലും മിക്കവാറും ഒന്നും തന്നെ ശ്രീധരൻ ശരിയായി കഴിക്കുന്നില്ലായിരുന്നു. എങ്കിലും പതിവനുസരിച്ച് അഞ്ചു മണിക്ക് മുമ്പായിത്തന്നെ ശ്രീധരന് ‘കൊലച്ചോറു’ കൊടുക്കുകയും മറ്റു ചടങ്ങുകൾ നിർവഹിക്കുകയും മജിസ്ട്രേറ്റ് ചെയ്തിരുന്നു.

മജിസ്ട്രേറ്റും മറ്റും അവിടെച്ചെന്നു വിവരം ശ്രീധരനെ ധരിപ്പിക്കുകയും തൂക്കുവാറണ്ട് വായിക്കുന്നതിന് കല്പന കൊടുക്കുകയും ചെയ്തപ്പോൾ ശ്രീധരൻ ‘ഇതൊന്നും വായിക്കേണ്ട ഞാൻ ചെയ്തിട്ടില്ലാത്ത കുറ്റത്തിന് നിങ്ങൾ നിശ്ചയിച്ച ശിക്ഷ നടത്തിയാൽ മതി’ എന്നു വിളിച്ചു പറഞ്ഞു. എങ്കിലും അവർ അതു വകവെയ്ക്കാതെ തൂക്കു വാറണ്ട് വായിക്കുക മുതലായ എല്ലാ മാമൂൽ ചടങ്ങുകളും നിർവ്വഹിക്കുകയും പ്രതിയുടെ കൈകൾ രണ്ടും പുറകോട്ടു വലിച്ചുകെട്ടി വിലങ്ങുവെക്കുകയും കാലിലുണ്ടായിരുന്ന വിലങ്ങു നടക്കാൻ തക്ക വിധത്തിൽ അയയ്ക്കുകയും ചെയ്തു.

കൂട്ടിൽ നിന്നു പുറത്തിറക്കി തൂക്കുമരത്തിന്റെ സമീപത്തേക്കു കൊണ്ടുപോയി. അവിടെച്ചെന്നപ്പോൾ കഴുമരത്തിൽ കയറുന്നതിനും മറ്റും ആരാച്ചാരന്മാർ വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. കഴുമരത്തിൽ കയറ്റി നിറുത്തി കൈകളുടെയും കാലുകളുടെയും വിലങ്ങുകൾ അഴിക്കുകയും മുൻസ്ഥിതിയിൽതന്നെ നല്ല കയറുകൊണ്ട് ബന്ധിക്കുകയും ചെയ്തു. ഈ സമയത്തെല്ലാം ശ്രീധരൻ വളരെ ശാന്തതയോടും ധൈര്യത്തോടും നിന്നുകൊണ്ട് ‘ഞാൻ ചെയ്തിട്ടില്ലാത്ത കൃത്യത്തിനു നിങ്ങൾ നിശ്ചയിച്ച ശിക്ഷ നടത്തിക്കൊള്ളിൻ’ എന്നു തുടരെത്തുടരെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കൈയും കാലും കെട്ടിക്കഴിഞ്ഞപ്പോൾ തുടർന്ന് തലയും കണ്ണും മൂടത്തക്കവിധത്തിൽ ഒരു കറുത്ത തൊപ്പി വെക്കുകയും തൂക്കുകയറിന്റെ കുരുക്ക് കഴുത്തിൽ ഇട്ട് സുമാറാക്കുകയും ചെയ്തു.

അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാർ ഇവയെല്ലാം ശരിയാണോ എന്നു പരിശോധിച്ചു തൃപ്തിപ്പെട്ടു. ആ സമയമെല്ലാം അവൻ ആകപ്പാടെ നിന്നു വിറയ്ക്കുന്നപോലെ തോന്നി. ഉടൻ തന്നെ കഴുമരത്തിന്റെ ആന്താഴമോ സാക്ഷയോ ഏതാണ്ട് ആരാച്ചാർ തട്ടുന്നതും ശ്രീധരൻ കയറിൽ തൂങ്ങുന്നതും കാണാറായി. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് മെഡിക്കലാഫീസർ മരിച്ചോ ഇല്ലയോ എന്നുള്ള പരിശോധന നടത്തി മരിച്ചുപോയി എന്ന് മജിസ്ട്രേട്ടിനെയും മറ്റും അറിയിക്കുകയും കഴുമരത്തിൽ നിന്നിറക്കി പ്രേതത്തെ ഉടമസ്ഥരുടെ ആവശ്യപ്രകാരം അവരെ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.

. . .

Feel free to share!
Alummoottil Channar's Murder Capital Sentence : Manorama Report
Sarpa Kaavu And Rituals
Sarpa Kaavu And Rituals
Social Activities Of Kochu Kunju Channar
Social Activities Of Kochu Kunju Channar
Construction Of Nalukettu
Construction Of Nalukettu
Temples Associated With Alummoottil Family
Temples Associated With Alummoottil Family
Bharatanatyam Poomukham
Bharatanatyam Poomukham