This is the report on Malayala Manorama on 1921 March 08, regarding the assasination of Alummoottil Kochu Kunju Channar III on the previous night. The article was published in Malayalam. An unofficial translation follows. (Courtesy of Malayala Manorama) തലേദിവസം രാത്രി ആലുംമൂട്ടിൽ കൊച്ചുകുഞ്ഞ് ചാന്നാർ മൂന്നാമൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 1921 മാർച്ച് 08-ന് മലയാള മനോരമയിൽ വന്ന റിപ്പോർട്ടാണിത്. മലയാളത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ഒരു അനൗദ്യോഗിക ഇംഗ്ലീഷ് വിവർത്തനം പിന്തുടരുന്നു. (കടപ്പാട്: മലയാള മനോരമ).
ഭയങ്കരമായ ഒരു കൊലപാതകം
തെക്കേ ഇന്ത്യയിലും കേരളമൊട്ടുക്കും പലവിധത്തില്‍ കേൾവി പെട്ടിരിക്കുന്ന ‘മുട്ടത്ത് ആലുംമൂട്ടില്‍ കുടുംബത്തിലെ “മൂത്ത ചാന്ദാര്‍ (കൊച്ചുകുഞ്ഞുചാന്ദാര്‍ അവർകൾ) ഇന്നലെ രാത്രി ഒമ്പതര മണിക്കു കൊല്ലപ്പെട്ടിരിക്കുന്നു. ഇതിനുമുമ്പു ഭരിച്ചിരുന്ന മൂത്ത ചാന്ദാന്മാരുടെ ഭരണകാലത്ത് ആണ്ടുതോറും കുടുംബത്തേക്കു പതിനായിരക്കണക്കിനു സമ്പാദിച്ചുകൊണ്ടിരുന്നുവെങ്കിലും ആലുംമൂട്ടില്‍ കുടുംബത്തിന്റെ വാസ്തവമായ അന്തസ്സും ധനസ്ഥിതിയും ഈ പുരുഷകേസരിയുടെ ഭരണകാലത്തുതന്നെയാണു സ്ഥാപിതമായിട്ടുള്ളത്.
ഗംഭീര്രശീമാനും സരസനുമായിരുന്ന മിസ്റ്റര്‍ കൊച്ചുകുഞ്ഞുചാന്നാർ ആലുംമൂട്ടില്‍ മൂപ്പേറ്റശേഷം ഭരണസമ്പ്രദായത്തിലും ചെലവിലും മറ്റും സ്വല്പം ഭേദഗതി വരുത്തിയതുമുലവും മറ്റും ആദ്യകാലം മുതല്‍ക്ക് ഇളമുറക്കാരും മൂപ്പനും തമ്മിൽ സ്വരച്ചേര്‍ച്ചയില്ലാതായിത്തീര്‍ന്നു. കുടുംബത്തിലെ ആദായം കൊണ്ട് അതിന്റെ ധനസ്ഥിതിയെ വര്‍ദ്ധിപ്പിക്കാതെ കണ്ടമാനം ചെലവിടുന്നു എന്നും കുടുംബത്തിനു കേടുവരുത്തി പുത്രകളതാദികള്‍ക്കു ക്രമത്തിലധികമായി സമ്പാദിച്ചു കൊടുക്കുന്നു എന്നും മറ്റുമുള്ള ദോഷാരോപണങ്ങള്‍ ഇളംമുറക്കാര്‍ മൂപ്പന്റെ പേരില്‍ ചുമത്തുകയും അവ പറഞ്ഞു ശരിപ്പെടുത്തുന്നതുന്നതിനായി കേരളത്തിലെ ഈഴവപ്രധാനികളെയും എസ്.എന്‍.ഡി.പി. യോഗക്കാരെയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടും പറയത്തക്ക ഫലമൊന്നുമുണ്ടാകാതെ രസക്കേടു ക്രമേണ മൂര്‍ദ്ധന്യത്തെ പ്രാപിച്ച് ഒരു വലിയ അന്തഃഛിദ്രമായി പരിണമിക്കുകയുമാണു ചെയ്തത്.
ഇതിന്റെ ഫലമായി ഇപ്പോള്‍ ഏകദേശം 15 കൊല്ലത്തോളമായി ഇരുഭാഗത്തുനിന്നും വളരെ പണവ്യയം ചെയ്തു പലതരത്തിലുള്ള അനേകം കേസുകള്‍ നടത്തിക്കൊണ്ടുവരികയാണ്. ഈ കേസുകള്‍ സംബന്ധിച്ച് ഇളമുറക്കാരുടെ ഭാഗത്തുനിന്ന് 22 പേര് 2000 രൂപ വീതം ഓരോ വര്‍ഷത്തേയ്ക്ക് നല്ല നടപ്പിനു ജാമ്യം കൊടുത്തിട്ടുണ്ട്. ഇങ്ങനെയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ ഭയങ്കര സംഭവം നടന്നിട്ടുള്ളത്. മൂത്തചാന്ദാര്‍ ഈ കേസു സംബന്ധിച്ചു കൊല്ലത്തിനുപോയി തിരികെ വന്നു തേച്ചുകുളിയും ഊണും കഴിഞ്ഞു നാലുകെട്ടില്‍ നിന്നിറങ്ങി മേടയുടെ താഴത്തെ നിലയിലിട്ടിരുന്ന കട്ടിലില്‍ ക്ഷീണാധിക്യം നിമിത്തം പതിവിനു മുമ്പായിത്തന്നെ ഉറങ്ങാനായി കിടന്നതായും തല്‍ക്ഷണം തന്നെ നിദ്രപ്രാപിച്ചതായും പറയപ്പെടുന്നു. വീട്ടിലെ സ്ത്രീകളും കുട്ടികളും കെട്ടിനകത്തിരുന്നു സന്തോഷവര്‍ത്തമാനങ്ങള്‍ പറഞ്ഞു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്തു (രാത്രി ഒമ്പതരമണിക്ക്) ഏതാനും ഘാതകന്മാര്‍ മേടയില്‍ പ്രവേശിച്ചു ശരറാന്തലിന്റെ വെളിച്ചത്ത് ഉറങ്ങിക്കിടന്നിരുന്ന മൂത്തചാന്ദാരവര്‍കളെ സൂക്ഷിച്ചുനോക്കി ക്കൊണ്ടിരിക്കുകയായിരുന്നു.
ആ മഹാന്‍ ഗാഡഃനിശ്രയില്‍ ലയിച്ചുകിടക്കുന്നുവെന്നു ബോദ്ധ്യം വന്നയുടനെ ഒറ്റ വെട്ടിനു തലയും ഉടലും തമ്മിൽ വേര്‍പെടുത്തണമെന്നുള്ള ഉദ്ദേശ്യത്താല്‍ ലാക്കുനോക്കി ഘാതകന്മാരിൽ ഒരാൾ വെട്ടുകയും ലാക്കുതെറ്റി മൂക്കിനും ചെവിക്കും മാത്രം കൊള്ളുകയാല്‍ ധൃതിയില്‍ സ്‌കന്ദപദേശങ്ങളില്‍ അഞ്ചാറു വെട്ടുവെട്ടുകയും ചെയ്തു. കഠിനമായ ഈ വെട്ടുകള്‍ ഏറ്റ ചാന്ദാരവര്‍കള്‍ അപ്പോള്‍ പുറപ്പെടുവിച്ച ദയനീയവും ഭയങ്കരവുമായ നിലവിളിയുടെ ശബ്ദം കേട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ കൃത്യസ്ഥലത്തേയ്ക്കു പാഞ്ഞെത്തിയെങ്കിലും ഘാതകന്മാര്‍ ഇരുട്ടത്തു മറഞ്ഞുകളഞ്ഞു. മൂത്ത ചാന്ദാരവര്‍കളെ ഉടനെ തന്നെ ഒരു വണ്ടിയിലാക്കി മാവേലിക്കരയാശുപത്രിയിലേക്കു കൊണ്ടുപോയി എങ്കിലും വഴിമദ്ധ്യേവച്ചു മരിച്ചുപോകയാല്‍ തിരികെ കൊണ്ടുവന്നു മൃതശരീരം ഹരിപ്പാട്ടു പോലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടുപോകപ്പെട്ടു.
സ്ഥലത്തെ മജിസ്ടേട്ട്, മെഡിക്കലോഫീസര്‍ മുതലായ ഉദ്യോഗസ്ഥന്മാര്‍ മൃതശരീരത്തെ മഹസ്സര്‍ എഴുതി ശരീരത്തെ പോസ്റ്റുമോര്‍ട്ടത്തിനായി മാവേലിക്കരയ്ക്ക് അയയ്ക്കുകയും ചെയ്തു. പോലീസ് സൂപ്രണ്ട്, ഡിസ്ടടിക്ട് മജിസ്ട്രേട്ട്, ദിവാന്‍ജി മുതലാ വലിയ ഉദ്യോഗസ്ഥന്മാര്‍ക്ക് രാത്രിയിൽത്തന്നെ കമ്പിയടിച്ചിട്ടുണ്ട്. തഹസീല്‍ദാര്‍, പോലീസ് ഇന്‍സ്പെക്ടര്‍ മുതലായ ഉദ്യോഗസ്ഥന്മാര്‍ ആലുംമൂട്ടില്‍ കൃത്യസമയത്തു ചെന്നു പരിശോധനകള്‍ നടത്തുകയും സാമാനങ്ങള്‍ തിട്ടപ്പെടുത്തി മുദ്രവയ്ക്കുകയും ചെയ്തുവരുന്നു. ഈ ഭയങ്കര വര്‍ത്തമാനം കേട്ട് മൃതശരീരം കാണാനായി വളരെ ജനങ്ങള്‍ താലൂക്കിന്റെ നാനാഭാഗങ്ങളിൽ നിന്നും വന്നുചേരുന്നു. ആകപ്പാടെ വലിയ ബഹളം തന്നെ. ഘാതകന്മാര്‍ ആരെല്ലാമെന്നും ഇവരെ ഈ ക്രൂരകര്‍മത്തിനു പ്രേരിപ്പിച്ചതാരെന്നും മറ്റും ഇതുവരെയും വെളിവായിട്ടില്ല. മൂത്ത ചാന്നാരവര്‍കള്‍ക്കു മൂന്നു ഭാര്യമാരും അവരിൽ വേണ്ടിടത്തോളം സന്താനങ്ങളുമുണ്ട്. ശേഷം വഴിയേ.
A Cruel Murder
Last night at 9:30 pm, the Mootha(elder) Channar (Kochu Kunju Channar, the IIIrd) of the ‘Muttom Alummoottil’ family was killed. This family is well-known in South India and Kerala. Earlier Elder Channars earned tens of thousands of rupees each year, but this male lion brought true prestige and wealth to Alummoottil.
When the handsome Kochukunju Channar became the Alummoottil Karanavar, he changed the way finances and administration were managed. From the start, there was no harmony between him and the younger generation. They accused him of spending family money without improving its status and giving more to his children, hurting the family. He asked Ezhava leaders of Kerala and the SNDP Yogis to help settle matters, but nothing worked. The disagreement grew into a serious rift.
For about 15 years, both sides spent large sums of money on many cases. In these cases, 22 people from the younger generation each gave a sum of Rs. 2000 for bail of good behavior every year. It was during this tense time that the terrible incident happened. It is said Mootha Channar went to Kollam for a case and returned. After bathing and having dinner, he bathed, had dinner, in the Naalukett. He was very tired, so he lay on the lower floor of the Meda to sleep earlier than usual and quickly dozed off.
Meanwhile, at about half past nine, the women and children were inside the Naalukett chatting and eating. Assassins slipped into the Meda and watched Mootha Channar, who was sleeping in the oillamp light. One assassin tried to cut off his head with a single blow. The knife missed only his nose and ears, so the assassin struck him five or six times more on his shoulder area.
Hearing Mootha Channar’s screams, the people eating rushed to help. But the killers vanished into the darkness. The wounded elder was hurriedly put in a cart and taken to Mavelikkara hospital, but he died on the way. They brought him back and took his body to the Haripad police station.
The local magistrate and medical officer examined the body and issued a death certificate. They sent the body to Mavelikkara for a postmortem. The police superintendent, district magistrate, and dewanji were called at night. The tehsildar and police inspector arrived at Alummoot, checked everything, and sealed the belongings. News of this shocking murder spread, and many people came from all over the taluk to see the body. There was a huge commotion.
It is unclear who committed the murder or who ordered it. The elder Channarava had three wives and many children. What happens next remains to be seen.