a p udayabhanu 4

Alummoottil is an aristocratic family in south central Kerala.

. . .

പബ്ലിക് സർവീസ് കമ്മീഷനിൽ

1962 ജനുവരി 31-ന് ശ്രീ എ. പി. ഉദയഭാനു പബ്ലിക് സർവീസ് കമ്മീഷനിലെ ഔദ്യോഗിക ജീവിതത്തിൽ പ്രവേശിച്ചു.ബൂർഷ്വാ ജനാധിപത്യത്തിൻ്റെ ഒരു പ്രധാന ഘടകമായിരുന്നു അക്കാലത്തു പബ്ലിക് സർവീസ് കമ്മീഷൻ.പി. എസ്.സി യിൽ അംഗമോ ചെയർപേഴ്സണോ ആകുന്നവർക്ക് ഇഷ്ടാനിഷ്ടങ്ങൾ പടി ഓരോരുത്തർക്ക് ജോലി സമ്മാനം പോലെ കൊടുക്കാനുള്ളതായി ചിലർ ഉദ്യോഗ നിയമനങ്ങളെ കണ്ടിരുന്നു .എന്നാൽ ഉദയഭാനു ആ സങ്കൽപം തന്നെ മാറ്റി എഴുതി. "രാഷ്ട്രീയമായി നിഷ്പക്ഷമായും ഇഷ്ടാനിഷ്ടങ്ങൾ കലരാതെയും പ്രവർത്തിക്കണം. ജനാധിപത്യ ക്രമത്തിൽ മാറി മാറി വരുന്നവരുടെ പ്രീതിയും അപ്രീതിയും നോക്കാതെ രാഷ്ട്രീയ ചായ്‌വുകൾ കലരാതെ പ്രവർത്തിക്കാൻ കഴിയണം" എന്ന് അദ്ദേഹം പറഞ്ഞിരുന്നു . കമ്മീഷനിൽ ചേരുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള ചുമതലകൾ അദ്ദേഹത്തിൽ വന്നു ചേർന്നിരുന്നു. അതിന് ശേഷവും തിരഞ്ഞെടുപ്പുകൾ നടത്താനുള്ള ചുമതലകൾ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. ബാങ്കിംഗ് റിക്രൂട്ട്മെന്‍റിൽ പിൽക്കാലം പ്രവർത്തിച്ചപ്പോഴും യോഗ്യതയും കഴിവും നോക്കി തന്നെയാണ് തിരഞ്ഞെടുത്തിരുന്നത്. ഒരാളിനെ തിരഞ്ഞെടുക്കുമ്പോൾ ആ ആളിൻ്റെ സാഹചര്യങ്ങളും പരിതസ്ഥിതികളും അന്തർലീനമായ കഴിവുകളും നോക്കിയാണ് എടുക്കേണ്ടത്.ആറ് കൊല്ലമാണ് കമ്മീഷനിൽ ഒരു അംഗത്തിൻ്റെ കാലാവധി. അദ്ദേഹത്തെ സമീപിക്കാൻ സ്വാതന്ത്ര്യവും പ്രാപ്തിയും ഇല്ലാത്തതുകൊണ്ട് മാത്രം ഒരു സ്ഥാനാർത്ഥിയും അവഗണിക്കപ്പെടരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു .കോഴിപ്പുറത്ത് മാധവമേനോൻ അഭിപ്രായപ്പെട്ടത് പോലെ അദ്ദേഹത്തിൻ്റെ സാന്നിധ്യവും പ്രവർത്തനവും കൊണ്ട് കമ്മീഷൻ്റെ നില മറ്റുള്ളവരുടെ ദൃഷ്ടിയിൽ വളരെ അധികം ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. വിജയിച്ചാലും ഇല്ലെങ്കിലും അദ്ദേഹം നിരന്തരം അതിനു ശ്രമിച്ചിരിക്കും എന്നായിരുന്നു അദ്ദേഹത്തിൻ്റെ തീരുമാനം.

സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ, ജുഡീഷ്യറിയിൽ മുൻസിഫ് വരെയും റവന്യൂവിൽ ആർ. ഡി. ഒ വരെയും ,പോലീസിൽ ഇൻസ്പെക്ടർമാർ വരെയും തിരഞ്ഞെടുത്തിരുന്നു. അതോടൊപ്പം തന്നെ ലാസ്റ്റ് ഗ്രേഡും പ്രൈമറി സ്കൂൾ ടീച്ചേഴ്സിനെയും വരെ കമ്മീഷൻ ആണ് തിരഞ്ഞെടുത്തിരുന്നത് .ഒരാളെയും ശുപാർശയുടെ അടിസ്ഥാനമാക്കി മാത്രം എടുക്കില്ലായിരുന്നു അദ്ദേഹം.അദ്ദേഹം രാഷ്ട്രീയമായോ അല്ലാതെയോ ഉള്ള ഇഷ്ടാനിഷ്ടങ്ങൾക്ക് വശംവദനായിരുന്നില്ല.കമ്മീഷനിൽ ഇരുന്ന കാലമത്രയും ഐ. എ. എസ്, ഐ. പി.എസ് ഉദ്യോഗസ്ഥന്മാരുടെ ഭാഷാ പരിജ്ഞാനത്തിൻ്റെ ലോവർ ഉം ഹയറും ടെസ്റ്റ് നടത്താനുള്ള ചുമതല അദ്ദേഹത്തിന് ആയിരുന്നു കമ്മീഷൻ നിക്ഷേപിച്ചിരുന്നത്.

വളരെയേറെ കമ്മിറ്റികളിൽ അംഗമായിരിക്കാനും പലതിലും ചെയർമാൻ ആയിരിക്കാനും അങ്ങനെ അത്യുന്നതന്മാരായ പലരുമായി ഇടപഴകാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.'കാഷ്യൂ മിനിമം വേജ് കമ്മിറ്റി'യിൽ അദ്ദേഹം ചെയർമാൻ ആയിരുന്നു. കമ്മിറ്റിയുടെ സെക്രട്ടറിയായി അദ്ദേഹം നിശ്ചയിച്ചത് ആർ. പരമേശ്വരൻ പിള്ളയെ ആയിരുന്നു. പരമേശ്വരൻ പിള്ള പിന്നീട് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയി.അദ്ദേഹത്തിൻ്റെ പുത്രനാണ് വിഖ്യാതനായ സിനിമാതാരം മധു. തിരുവിതാംകൂറിന് കുത്തകയാണ് കശുവണ്ടി വ്യവസായം എന്ന മിഥ്യാ ബോധം ഉണ്ടായിരുന്നു പലർക്കും.എന്നാൽ കൂലി കുറഞ്ഞ മേഖല നോക്കി വ്യവസായം അയൽ സംസ്ഥാനത്തിലേക്ക് പോകുന്നത് കാണാമായിരുന്നു. മിനിമം കൂലി നിശ്ചയിച്ചു വേലയും കൂലിയും ഇല്ലാത്ത ദയനീയ നില വരുത്തരുതല്ലോ.അതിൻ്റെ സാമ്പത്തിക വശം പഠിച്ചു സാമ്പത്തിക ശാസ്ത്ര വിശാരതനായിരുന്ന ഡോക്ടർ യു ശിവരാമൻ നായരുമായി ചർച്ച ചെയ്താണ് ശ്രീ. എ. പി.ഉദയഭാനു ആ റിപ്പോർട്ട് എഴുതിയത്.

1986 -ൽ അദ്ദേഹത്തിൻ്റെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചു. അന്നുവരെ കേന്ദ്ര സർക്കാരിൻ്റെയോ സംസ്ഥാന സർക്കാരിൻ്റെയോ പെൻഷൻ അംഗീകരിച്ചതിന് പുറമേ ഏതെങ്കിലും സമരങ്ങൾ പെൻഷൻ അംഗീകരിക്കേണ്ടത് ഉണ്ടോ എന്നായിരുന്നു കമ്മിറ്റിക്ക് ശുപാർശ ചെയ്യാൻ ഉണ്ടായിരുന്നത്. മദ്യനിരോധനം നടപ്പിലാക്കുന്നതിനെ പറ്റി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം അധ്യക്ഷനായുള്ള ഒരു കമ്മിറ്റിയെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ നിയമിച്ചു. മദ്യവർജനത്തിനുവേണ്ടി സത്യാഗ്രഹം അനുഷ്ഠിക്കുകയും നിരാഹാര വ്രതം അനുഷ്ഠിച്ചു ജീവൻ ത്യജിക്കാൻ സന്നദ്ധൻ ആവുകയും ചെയ്ത പ്രൊഫസർ ജി. കുമാരപിള്ള, വി. ആർ .കൃഷ്ണൻ എഴുത്തച്ഛൻ എന്നിവർ മെമ്പർമാർ ആയിരുന്നു. കമ്മിറ്റിയെ നിയമിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനാവശ്യമായ യാതൊരു സംവിധാനമോ സജ്ജീകരണമോ ഉണ്ടായില്ല. ഇതിനിടയിൽ തിരഞ്ഞെടുപ്പ് നടക്കുകയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരികയും എക്സൈസ് വകുപ്പിൻ്റെ ചുമതല വഹിക്കുന്ന ശ്രീമതി കെ. ആർ. ഗൗരിയുടെ ചുമതലയിൽ കമ്മിറ്റിയുടെ പ്രവർത്തനം വരികയും ചെയ്തു. ഒന്നും നടക്കുന്നില്ല, നടക്കുന്ന മട്ടും ഇല്ല എന്ന് കണ്ടപ്പോൾ അദ്ദേഹം ചെയർമാൻ സ്ഥാനം രാജിവെച്ച് ഒഴിയാൻ തീരുമാനിച്ചു.

ജയിൽ റീഫോംസ് കമ്മിറ്റിയുടെയും ചെയർമാനായി അദ്ദേഹത്തെയാണ് സർക്കാർ നിയോഗിച്ചിരുന്നത്. സംസ്ഥാനത്തെയും മദ്രാസിയിലെയും ജയിലുകൾ അദ്ദേഹം സന്ദർശിച്ചു. ദുർഗുണ പരിഹാര പാഠശാലകളും അദ്ദേഹം പോയി കണ്ടു. സബ്ജയിലുകൾ പലതും കഷ്ടമാണ് എന്ന് അദ്ദേഹം വിലയിരുത്തി. ഒരു തുറന്ന ജയിൽ കേരളത്തിൻ്റെ മധ്യത്തിൽ ഒരിടത്ത് സ്ഥാപിക്കണമെന്ന് അദ്ദേഹം ശുപാർശ ചെയ്തു. കുറ്റവാളികളെ പരിശീലനം നൽകി പ്രയോജനപ്രദമായ ജോലി ചെയ്യാൻ പ്രാപ്തരാക്കാൻ അദ്ദേഹം ശുപാർശ ചെയ്തു. അവരെ പുനരധിവസിപ്പിക്കുകയും ചെയ്യണം എന്ന് പറഞ്ഞു.ശിക്ഷ സമുദായത്തിൻ്റെ പ്രതികാരമായി അല്ല സമുദായ ജീവിതത്തിന് യോഗ്യമാകുന്ന ശിക്ഷണം ആകണം എന്ന് അദ്ദേഹം പറഞ്ഞു. "എന്തെല്ലാം വാസനകൾ, സംഗീതത്തിലും സാഹിത്യത്തിലും കൃഷിയിലും വ്യവസായത്തിലും തെളിയിക്കുന്നവർ ജയിലിൽ ഉണ്ട്. തേച്ചു മിനുക്കിയാൽ രത്നങ്ങൾ ആയി തീരാവുന്നവർ വരെയുണ്ട് "എന്നദ്ദേഹം പറഞ്ഞു. ജയിലിലെ ഉത്പന്നങ്ങൾ പലതും വിൽക്കുന്നതിനുള്ള സജ്ജീകരണങ്ങൾ വിപുലീകരിക്കാൻ ആദ്യമായി നിർദ്ദേശിച്ചത് ഇദ്ദേഹമാണ്.

പി. എസ്. സി ൽ നിന്ന് വിരമിച്ച അന്ന് വൈകുന്നേരം തന്നെ അദ്ദേഹം മാതൃഭൂമി ഓഫീസിൽ പോയി. കമ്മീഷനിൽ നിന്ന് പിരിയുന്ന അന്ന് തന്നെ മാതൃഭൂമിയിൽ ചേർന്നു കൊള്ളണമെന്നാണ് അദ്ദേഹം തീരുമാനിച്ചിരുന്നത്.

. . .

A murder in Alummoottil meda was the inspiration of the screenplay of Manichitrathazhu.